ശതാവരിയും ഔഷധഗുണങ്ങളും

 

ശതാവരിയുടെ ഉപയോഗവും ഔഷധഗുണവും , ശതാവരിയുടെ  ഔഷധഗുണങ്ങൾ.

നിരവധി ഔഷധഗുണങ്ങളുടെ ഒരു ഉറവിടമാണു ‘ശതാവരി’. ശതാവരിയിൽ ധാരാളം ഔഷധഗുണങ്ങൾ ഉള്ളതിനാല്‍ സംസ്കൃതത്തിൽ ഇതിന് ‘ദശവീര്യ’ എന്ന പേരും ഉണ്ട്. വള്ളിച്ചെടിയായി വളരുന്ന ഒന്നാണിത്. ഇതിന്‍റെ ഇലകളിലും തണ്ടുകളിലും മുള്ളുകള്‍ കാണപ്പെടുന്നു. വെളുത്ത പൂവുള്ള ശതാവരിയുടെ കിഴങ്ങാണ് ഔഷധയോഗ്യമായിട്ടുള്ളത്. ഇതിന്‍റെ കിഴങ്ങിനു ചെറുവിരലോളം വണ്ണമേ ഉണ്ടാകൂ. ശതാവരിയുടെ കിഴങ്ങില്‍ പ്രോട്ടീൻ, കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, ജീവകം എ, ബി, സി, എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നിരവധി ഔഷധഗുണങ്ങളുള്ള ശതാവരി നല്ല രുചിയുള്ളതും ഔഷധഗുണങ്ങള്‍ നിറഞ്ഞതുമായ അച്ചാര്‍ ഉണ്ടാക്കുവാനും കൂടാതെ നല്ലൊരു ദാഹശമിനിയായും ഉപയോഗിക്കാറുണ്ട്.

മൂത്രതടസ്സം, മൂത്രക്കല്ല്, മഞ്ഞപ്പിത്തം, കൂടാതെ വയറു സംബന്ധമായ രോഗങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ശതാവരി ഒരു ഫലപ്രദ ഔഷധമായി ഉപയോഗിക്കാറുണ്ട്. സ്ത്രീസംബന്ധമായ നിരവധി രോഗങ്ങള്‍ക്കും പ്രതിവിധി നൽകാൻ കഴിവുള്ള ഒരു ഔഷധം കൂടിയാണ് ശതാവരി.ശതാവരി മാത്രമായും മറ്റു മരുന്നുകളോടു ചേര്‍ത്തും ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്നുണ്ട്.

ഫലഭൂയിഷ്ഠമായ ഈര്‍പ്പമുള്ള മണ്ണില്‍ ശതാവരി നന്നായി വളര്‍ന്നു കാണുന്നുണ്ട്. വിത്തു പാകി മുളപ്പിച്ചും കിഴങ്ങ് നട്ടുമാണ് ശതാവരി വളർത്തുന്നത്. കിളച്ചൊരുക്കിയ കൃഷിസ്ഥലത്ത് കുഴിയെടുത്ത് ശതാവരി നടുമ്പോൾ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ഇടുന്നത് നല്ലതാണ്. ജൂണ്‍ മുതലുള്ള മാസങ്ങളിലാണ് ശതാവരി നടാന്‍ പറ്റിയ സമയം. മഴക്കാലങ്ങളില്‍ ചുവട്ടില്‍ അധികം വെള്ളം കെട്ടികിടക്കാതെ ശ്രദ്ധിക്കണം. തുടര്‍ന്ന് കളയെടുപ്പു നടത്തി വളപ്രയോഗം നടത്തണം. വളമായി ചാണകപ്പൊടിയും, മറ്റു ജൈവവളങ്ങളും നൽകിയാല്‍ മതിയാകും. ഇത് വളരുന്നത് പടര്‍ന്നുകയറിയാണ് അതുകൊണ്ട് പടര്‍ന്നു കയറാന്‍പാകത്തിന് തണ്ടുകള്‍ നാട്ടുകയോ കയറോ വള്ളിയോ ഉപയോഗിച്ച് വലിച്ചുകെട്ടി കൊടുക്കുകയോ വേണം.ശതാവരിയുടെ വിളവെടുക്കാൻ 2 വര്‍ഷം വേണ്ടിവരും. എന്നാൽ ചിലപ്പോൾ അതിന്റെ കിഴങ്ങുകള്‍ ദൃഢതയാകുന്നിടം വരെ കാത്തിരിക്കാതെ മുന്‍കൂട്ടി തന്നെ വിളവെടുപ്പ് നടത്താറുണ്ട്. നിരവധി ഔഷധഗുണങ്ങളാൽ സമ്പന്നമായ ശതാവരിക്ക് നമ്മുടെ കൃഷിയിടത്തില്‍ ഒരു സ്ഥാനം നൽകുന്നത് വളരെ നല്ലതാണ്.


ശതാവരിയുടെ ഔഷധഗുണങ്ങൾ

➪ ഉള്ളുംകാലിൽ ചുട്ടുനീറ്റൽ ഉണ്ടായാൽ ശതാവരിയുടെ കിഴങ്ങ് അരച്ച് നീരെടുത്ത് രാമച്ചപ്പൊടി ചേര്‍ത്തു ലേപനം ചെയ്താൽ ചുട്ടുനീറ്റലിന് ശമനമുണ്ടാകും.

➪ തൊലികളഞ്ഞ് ഉണക്കി പൊടിച്ച ശതാവരിക്കിഴങ്ങ് 2 ടീസ്പുണ്‍ വീതം പാലില്‍ ചേര്‍ത്ത് ദിവസേന സേവിച്ചാൽ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും.

➪ ശതാവരി ഇടിച്ചു പിഴിഞ്ഞ നീരും ഞെരിഞ്ഞിൽ പൊടിയും ചേര്‍ത്ത് പാല്‍ കാച്ചി കുടിച്ചാൽ മൂത്രച്ചുടിച്ചിലിന് ശമനം കിട്ടും. 

➪ ശതാവരിനീരും സമം പാലും ചേര്‍ത്ത് സേവിച്ചാൽ അപസ്മാരം കുറയും.

➪ ഇരുമ്പ് സത്ത്, കാത്സ്യം എന്നിവയുടെ അഭാവത്താൽ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ശതാവരി കിഴങ്ങ് ഉണക്കി പൊടിച്ച് 30 ഗ്രാം വീതം ദിവസേന പശുവിന്‍ പാലില്‍ കാച്ചി കുറുക്കി കുടിക്കുന്നത് വളരെ നല്ലതാണ്.

                       

Post a Comment

Previous Post Next Post