ഔഷധഗുണങ്ങൾ നിറഞ്ഞ ചിറ്റരത്ത

ഔഷധഗുണങ്ങൾ നിറഞ്ഞ ചിറ്റരത്ത, ചിറ്റരത്തയുടെ ഉപയോഗവും ഔഷധഗുണവും , ചിറ്റരത്തയുടെ ഔഷധഗുണങ്ങൾ .

ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് ചിറ്റരത്ത. ആയുർവേദ മരുന്നുകൾ ഉണ്ടാക്കാൻ ധാരാളം ശേഖരിക്കുന്ന ഔഷധങ്ങളിൽ ഒന്നുകൂടിയാണ് ചിറ്റരത്ത. വാതസംബന്ധമായ രോഗങ്ങൾക്കും ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും ചിറ്റരത്ത ഒരു ഫലപ്രദമായ ഔഷധമാണ്. ആട്ടിൻപാലിൽ ചിറ്റരത്ത ചേർത്ത് ഉണ്ടാക്കുന്ന കഷായം ആസ്ത്മക്കുള്ള മരുന്നാണ്.കിഴങ്ങാണ് ചിറ്റരത്തയുടെ ഔഷധയോഗ്യമായി ഉപയോഗിക്കുന്ന ഭാഗം.


ഇഞ്ചിയുടെ കുടുംബത്തിൽപെട്ട ബഹുവർഷിയായ ചിറ്റരത്തയുടെ ജന്മദേശം മലേഷ്യയിലാണ്. കേരളത്തിൽ ഒരു ഔഷധ സസ്യമായാണ് ചിറ്റരത്ത ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ഉത്തരേന്ത്യയിൽ ചിറ്റരത്തയെ ഔഷധം എന്നതുപോലെതന്നെ ഒരു സുഗന്ധവിളയായും ഉപയോഗിക്കാറുണ്ട്. രാസ്നാദി കഷായം, രാസ്നാദി ചൂർണ്ണം എന്നിവയിലെ ഒരു പ്രധാന ചേരുവയാണ് രസ്ന അഥവാ ചിറ്റരത്ത എന്ന ഔഷധസസ്യം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വേണം ചിറ്റരത്ത നട്ടുവളര്‍ത്താൻ. നൈസര്‍ഗ്ഗികമായ ചതുപ്പു പ്രദേശങ്ങളിലും ചിറ്റരത്ത വളര്‍ന്നു കാണുന്നു. റബ്ബർ തോട്ടങ്ങളിലും തെങ്ങിൻ തോപ്പിലുമൊക്കെ ഇടവിളയായി വളർത്താവുന്ന ഒരു ഔഷധസസ്യം കൂടിയാണിത്. സാധാരണ ഔഷധികളില്‍ നിന്നും വളരെ വ്യത്യസ്തമായ ഇഷ്ടാനിഷ്ടങ്ങളുള്ള ഒരു ഔഷധസസ്യമാണ് ചിറ്റരത്ത.ചിറ്റരത്തയുടെ ഒരു ചുവട്ടില്‍ തന്നെ വളരെയധികം ചിനപ്പുകള്‍ പൊട്ടി കൂട്ടം കൂട്ടമായി വളരുന്ന സ്വഭാവമുള്ള ഒരു സസ്യമാണിത്. 1.5 മീറ്റർ വരെ നീളം വെക്കുന്ന ചിറ്റരത്തയുടെ ഇലകൾ വീതി കുറഞ്ഞതും നീളമേറിയതുമാണ് കൂടാതെ മിനുസമേറിയതുമാണ്. ഏപ്രില്‍, മെയ്, ജൂണ്‍ എന്നീ മാസങ്ങളിലാണ് ഇവ നടാന്‍ പറ്റിയ സമയം. 


ചിറ്റരത്തയുടെ വേരിൽ കാംഫൈറെഡ്, ആല്പിനിൻ, ഗലാനിൻ എന്നീ മൂന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിന്റെ തണ്ടിൽ തൈലരൂപത്തിൽ മീഥൈൽ സിനമേറ്റ്, സിൻകോൾ, ക്യാംഫർ, ഡി-പെനീൻ എന്നീ പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഭൂകാണ്ഡത്തിന്‍റെ കഷണങ്ങള്‍ വിത്തായി ഉപയോഗിക്കാം. നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ക്കാം. നട്ടശേഷം പുതയിടല്‍ നടത്തണം. ശേഷം കളയെടുപ്പ് നടത്തി വളപ്രയോഗം ചെയ്യണം. ഇതിന്‍റെ ഇലയ്ക്കും പ്രകന്ദത്തിനും ചെറിയ തോതിലൊരു സുഗന്ധമുണ്ട്. ഇതിന്‍റെ പൂക്കള്‍ സാധാരണ പച്ചകലര്‍ന്ന വെള്ളനിറത്തോടുകൂടിയാണ് കാണപ്പെടുന്നത്. നട്ട് ഒന്നര വർഷം പിന്നിട്ടാല്‍ മരുന്നിനായി പ്രകന്ദങ്ങള്‍ വിളവെടുത്ത് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുന്നു.

Post a Comment

Previous Post Next Post