ചെറുതാണെങ്കിലും കുരുമുളകിനെ നിസാരകാരനായി കാണല്ലേ !

 

കുരുമുളകിന്റെ ഔഷധഗുണം, കുരുമുളകിന്റെ ഉപയോഗം, കുരുമുളക് ഔഷധം

കുരുമുളക് ഒരു പ്രധാന ഔഷധച്ചേരുവയാണ്. എങ്കിലും അടുക്കളയിലും കുരുമുളകിന് നല്ലൊരു സ്ഥാനമാണ് പണ്ടു പണ്ടേ വീട്ടമ്മമാർ നല്കിയത്.ചുരുക്കത്തിൽ കുരുമുളക് കൃഷി ഇല്ലെങ്കിലും ഒരുപിടി കുരുമുളക് കരുതി വെയ്ക്കാത്ത വീടുകൾ കേരളത്തിൽ ഉണ്ടോ എന്നു സംശയമാണ്.

മിക്കവാറും മഴക്കാലത്തേക്കാണ് കുരുമുളകു സൂക്ഷിച്ചു വെയ്ക്കുക . പനി , വാതം , കഫം , കൃമി , ഹൃദ്രോഗം , ചുമ , കാസശ്വാസം , അർശസ്സ് , പ്രമേഹം മുതലായ അനേകം രോഗങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു . ഇത് വിഷഹരവുമാണ് . ജലദോഷം പനി എന്നീ സാധാരണ അസുഖങ്ങൾക്ക് കുരുമുളക് വിശേഷമാണെന്നറിയാത്തവരായി ആരും ഉണ്ടാവുക തന്നെയില്ല . അത്രയ്ക്ക് നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു .മാംഗനീസ്, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ-സി, വിറ്റാമിൻ കെ, ഡയറ്ററി ഫൈബർ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്.കൂടാതെ, കുരുമുളകിൽ ഡയഫോറെറ്റിക് (വിയർപ്പ് പ്രോത്സാഹിപ്പിക്കുന്നു), ഡൈയൂററ്റിക് (മൂത്രമൊഴിക്കൽ പ്രോത്സാഹിപ്പിക്കുന്നു) ഗുണങ്ങളുണ്ട്.കറുത്ത കുരുമുളകിൽ ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്,പ്രോട്ടീനുകളുടെയും മറ്റ് ഭക്ഷണങ്ങളുടെയും ഫലപ്രദമായ ദഹനത്തിന് ആവശ്യമായ ഹൈഡ്രോക്ലോറിക് ആസിഡ് സ്രവണം വർദ്ധിപ്പിച്ച് ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. 

കുരുമുളകിന്റെ ഔഷധഗുണം, കുരുമുളകിന്റെ ഉപയോഗം, കുരുമുളക് ഔഷധം
പച്ച കുരുമുളക്

കുരുമുളകിന്റെ ഔഷധഗുണങ്ങൾ
                  

➪ വിഷമജ്വരത്തിൽ ഒരു ഗ്രാം കുരുമുളക് തുമ്പയില നീരിൽ അരച്ചു കൊടുക്കാം. 

➪ മലേറിയക്ക് മൂന്നു കൊല്ലം പഴക്കമുള്ള കുരുമുളക് കഷായം വെച്ച് കൊടുക്കാം. 

➪ ജലദോഷപ്പനിക്ക് കുരുമുളക് കഷായം വെച്ചു കൊടുക്കാം . അല്പം വെളുത്തുള്ളിയും തുളസിയിലയും ചുക്കും ശർക്കരയും ചേർക്കാം. 

➪ ചുമ ശമിക്കാൻ കല്ക്കണ്ടവും കുരുമുളകും പൊടിച്ച് അല്പാല്പം കഴിച്ചാൽ നന്ന്. 

➪ ജലദോഷം , ചുമ , ശ്വാസം മുട്ടൽ എന്നിവയുണ്ടെങ്കിൽ അല്പം കുരുമുളക് കഷായം വെച്ചു കുടിക്കാം. ചുമ , ശ്വാസം , വലിവ് എന്നിവയ്ക്ക് ഒന്നോ രണ്ടോ കുരുമുളകു മണി ചവയ്ക്കുക. തല്ക്കാലം ആശ്വാസം കിട്ടും.

 ➪ ജലദോഷം പിടിച്ച് മൂക്കൊലിപ്പുണ്ടെങ്കിൽ കുരുമുളകുപൊടി അല്പം തലയിൽ തിരുമ്മുക . മണക്കുകയും ചെയ്യാം.

➪ ഹൃദയത്തിനും ദിവസം ഓരോ കുരുമുളകുമണി ഭക്ഷിക്കുന്നത് നല്ലതാണത്. 

➪ മുപ്പതു ഗ്രാം കുരുമുളകു പൊടിയും നാല്പത്തഞ്ചു ഗ്രാം പെരു ഞ്ചീരകത്തിൻ പൊടിയും തേനിൽ ചാലിച്ച് അതിൽ നിന്ന് നാലു ഗ്രാം വീതം രണ്ടു നേരം സേവിച്ചാൽ അർശസിന് ശമനം കിട്ടും. 

➪ കഫം കൊണ്ടുള്ള തലവേദനയ്ക്ക്  കുരുമുളക് ചൂടുവെള്ളത്തിലരച്ചു നെറ്റിയിൽ പുരട്ടാം.കുരുമുളക് തീക്ഷണമായതുകൊണ്ട് ചുട്ടുനീറ്റലുണ്ടാക്കും. വേണമെങ്കിൽ അല്പം അരിയും ചേർത്ത് അരച്ചിടാം. 

➪ തലയിലെ പുഴുക്കടിക്ക് ഇരുള്ളിയും കുരുമുളകും ഉപ്പും ചേർത്ത് അരച്ചിട്ടാൽ സുഖമാകും. 

➪ അല്പം കുരുമുളക് പൊടിച്ചത് ചേർത്ത് മൂപ്പിച്ച വെളിച്ചെണ്ണ തേച്ചു കുളിച്ചാൽ ജലദോഷവും നീരിറക്കവും കുറയും , അല്പം തുളസിയിലയും ചേർക്കാം.

➪ കുരുമുളക് വാർദ്ധക്യത്തിന്റെ പ്രതികൂല ഫലങ്ങൾ മന്ദഗതിയിലാക്കുന്നു.

Post a Comment

Previous Post Next Post