എന്താണ് ആയുർവേദം. എന്തൊക്കെയാണ് ആയുർവേദത്തിന്റെ ഗുണങ്ങൾ

ആയുർവേദം ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ഒരു ചികിത്സാരീതിയാണ്. അതുകൊണ്ടുതന്നെ നമ്മൾ അതിനെക്കുറിച്ച് അറിയാതെ പോകരുത്.ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യയിൽ തുടർന്നു കൊണ്ടുവരുന്ന ഒരു ചികിത്സാ രീതിയാണ് ആയുർവേദം.ഒരു ചികിത്സാരീതി എന്നതിലുപരി ദേവകാലഘട്ടത്തോളം പഴക്കമുള്ള ഒരു ജീവിതസംസ്കാരം എന്ന വിശേഷണം ആയിരിക്കും ആയുർവേദത്തിന് ഏറ്റവും അനുയോജ്യം.അത്രമാത്രം വളരെ സമഗ്രമാണ് ആയുർവേദത്തിന്റെ കാഴ്ചപ്പാട്.5000 വർഷത്തിലധികം പഴക്കമുള്ള ഈ ചികിത്സാരീതി ഇല്ലാതാക്കാൻ നിരവധി വിദേശ അധിനിവേശ ശക്തികൾ ശ്രമിച്ചിട്ടുണ്ടെങ്കിലും അതിനെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് ആയുർവേദം ഇന്നും നിലനിൽക്കുന്നു. അതുമാത്രമല്ല

ഇന്ന് ഇന്ത്യയിലെന്നപോലെതന്നെ വിദേശത്തും വലിയ സ്വാധീനമുള്ള ഒരു ചികിത്സാരീതിയായി ആയുർവേദം മാറി കഴിഞ്ഞിരിക്കുന്നു. ആയുർവേദത്തിന് ടിബറ്റൻ ചികിത്സാ സമ്പ്രദായത്തെയും ചൈനീസ് ചികിത്സാ സമ്പ്രദായത്തെയും വളരെ വലിയ രീതിയിൽ സ്വാധീനിക്കാൻ സാധിച്ചിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ചികിത്സാരീതികളിൽ ഒന്നുകൂടിയായ ആയുർവേദത്തിന്റെ ഗുണങ്ങൾ പുരാതന ഗ്രീക്കുകാരും പ്രയോജനപ്പെടുത്തിയിട്ടുള്ളവരാണ്. ഇനി നമുക്ക് എന്താണ് ആയുർവേദമെന്നും ആയുർവേദ ചികിത്സയുടെ ഗുണഫലങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.

എന്താണ് ആയുർവേദം. എന്തൊക്കെയാണ് ആയുർവേദത്തിന്റെ ഗുണങ്ങൾ

എന്താണ് ആയുര്‍വേദം.

തികച്ചും ഭാരതീയമായ ഒരു ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവേദം. ആയുസ്സിനെ കുറിച്ചുള്ള വേദം എന്നാണ് ആയുര്‍വേദം എന്ന പദത്തിനർത്ഥം. ആയുർവേദം എന്ന പദം ആദ്യമായി കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ അത്രേയ പുനർവസു, മാരീച കശ്യപൻ, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ചില ഗ്രന്ഥങ്ങൾ ആണ്. ആയുസ്സിന്റെ പരിപാലനത്തെകുറിച്ചുള്ള അറിവും അതു ലഭിക്കാനുള്ള ഉപായങ്ങളും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം എന്നത് ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ എന്നു പറയുന്നത്. ഇവയുടെ അസന്തുലിതാവസ്ഥയാണ് രോഗം കാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.


ആയുർവേദത്തിന്റെ ഗുണങ്ങൾ

ത്രിദോഷം എന്ന ആശയത്തിൽ അധിഷ്ഠിതമായ ചികിത്സാരീതിയാണ് ആയുർവേദം എന്ന് മുകളിൽ പറഞ്ഞത് നിങ്ങൾ വായിച്ചു കാണുമല്ലോ. വാതം, പിത്തം, കഫം എന്നിവയാണ് ആ ദോഷങ്ങളെന്നും നാം ഇപ്പോൾ വായിച്ചു. ആയുർവേദമനുസരിച്ച് നോക്കുകയാണെങ്കിൽ എല്ലാ മനുഷ്യശരീരങ്ങളിലും ഈ മൂന്ന് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ അതിന്റെ അളവുകളിൽ വ്യത്യാസം ഉണ്ടാകാമെന്ന് മാത്രം. അതുകൊണ്ട് തന്നെ ഒരു രോഗി മുന്നിലെത്തുമ്പോൾ ഒരു ആയുർവേദ ഡോക്ടർ ആദ്യം ശ്രദ്ധിക്കുക രോഗിയുടെ ശരീരപ്രകൃതി മുകളിൽ പറഞ്ഞ വാതം, പിത്തം, കഫം എന്നിവയിൽ ഏത് ഘടനയോട് കൂടിയതാണ് എന്നതായിരിക്കും. അതിനുശേഷം മാത്രമേ രോഗിയുടെ ചികിത്സ നിർണ്ണയിക്കുകയുള്ളൂ. ഇനി നമ്മുക്ക് എങ്ങനെയൊക്കെയാണ് ആയുർവേദം നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നുവെന്ന് നോക്കാം:

Also Read:ആയുര്‍വേദം നിർദേശിക്കുന്ന അത്താഴശീലം

1. മാനസിക സമ്മർദ്ദം അകറ്റുന്നു

ഒട്ടും മാറ്റി നിർത്താൻ കഴിയാത്തവിധം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന രണ്ട് സമ്പ്രദായങ്ങളാണ് ആയുർവേദവും യോഗയും. ഇവ രണ്ടിനെയും ഒരുപോലെ മനസ്സിലാക്കിയാൽ മാത്രമേ ആയുർവേദത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്തെന്ന് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. നമ്മുടെ ശരീരത്തെ പ്രകൃതിയോട് ചേർത്ത് നിർത്തുവാനും നമ്മളിൽ ആത്മീയ അവബോധം സൃഷ്ടിക്കാനുമാണ് യാഥാർത്ഥത്തിൽ ആയുർവേദം രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതിനാൽതന്നെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ആയുർവേദത്തിലുള്ള ഒരു പങ്ക് വളരെ വലുതാണ്. നമ്മുടെ മാനസിക സമ്മർദ്ദം അകറ്റുവാൻ ആയുർവേദത്തിൽ വിവിധ മാർഗ്ഗങ്ങൾ ഉപദേശിക്കുന്നുണ്ട്.

അതിൽ ഒന്നാമത്തതാണ് ദിനചര്യ സൂര്യോദയത്തിനു മുൻപ് എഴുന്നേറ്റ് നിങ്ങളുടെ നിത്യ പ്രവൃത്തികൾ ചെയ്യുക. ആയുർവേദം അനുശാസിക്കുന്ന രീതിയിലുള്ള നിത്യജീവിതം ശീലമാക്കുക. ഇത് നിങ്ങളുടെ മനസ്സിന് സന്തോഷവും സമാധാനവും നൽകുന്നതാണ്. രണ്ടാമത്തേത് ആണ് മെഡിറ്റേഷൻ നിങ്ങളുടെ മനസ്സിനും ശരീരത്തിനും അയവുവരുത്താൻ മെഡിറ്റേഷൻ സഹായിക്കും. മാത്രമല്ല മാനസിക പിരിമുറുക്കത്തിന് കാരണമാകുന്ന ചില ഹോർമോണുകളുടെ അളവ് കുറയ്ക്കാനും മെഡിറ്റേഷൻ വളരെ ഗുണകരമാണ്. മൂന്നാമത്തേത് ഗ്രീൻ ടീ കുടിക്കുക എന്നതാണ് നമ്മുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ സഹായിക്കുന്ന തരത്തിലുള്ള എൽ - തിയാനൈൻ പോലുള്ള ഘടകങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് ഗ്രീൻ ടീ കുടിക്കുന്നത് വഴി നമ്മുടെ മനസ്സ് ശാന്തമാകാൻ സഹായിക്കുന്നതാണ്.


2. അമിതഭാരം കുറയ്ക്കുന്നു

ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. ആയുർവേദം നിർദ്ദേശിക്കുന്ന തരത്തിലുള്ള ഭക്ഷണരീതി അഥവാ പഥ്യം പിന്തുടരുന്നതിലൂടെ നമ്മുടെ അമിതഭാരം കുറയ്ക്കാൻ സാധിക്കുന്നതാണ്.

പഥ്യാഹാരം നമ്മുടെ ശരീരത്തിന് പലവിധത്തിൽ ഗുണകരമാണ് അത് എന്തൊക്കെയാണെന്ന് നോക്കാം.

> നമ്മുടെ ശരീരത്തിലെ വിഷാംശം പുറംതള്ളുന്നു.

> ശരീരകോശങ്ങളിലുള്ള അമിതമായ കൊഴുപ്പ് നീക്കം ചെയ്യുന്നു.

> ചർമ്മത്തെ ശുദ്ധീകരിക്കുന്നു.

> ശരീര ദുർഗന്ധം അകറ്റുന്നു.

> രക്തചംക്രമണം നിയന്ത്രിക്കും

> കൊളസ്‌ട്രോൾ കുറയ്ക്കും


3. ഹോർമോണുകളെ ബാലൻസ് ചെയ്യുന്നു

ശരീരത്തിലെ ഹോർമോണുകളെ ശരിയായ അളവിൽ ക്രമീകരിക്കാൻ ആയുർവേദം സഹായിക്കുന്നു. ഇതുവഴി ആർത്തവചക്രം നോർമലാവുകയും പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കുണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നു. അഭ്യംഗവും അതായത് എണ്ണ തേച്ചുള്ള കുളിയും വ്യായാമവും ഹോർമോൺ അളവ് ക്രമീകരിക്കാൻ വളരെ സഹായകമാണ്.


4. എരിച്ചിൽ കുറയ്ക്കുന്നു

തെറ്റായ ഭക്ഷണരീതികൾകൊണ്ടും ഉറക്കക്കുറവുകൊണ്ടും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് എരിച്ചിൽ. എരിച്ചിലിന് വളരെ ഫലപ്രദമായ ഒറ്റമൂലികളും ചികിത്സകൾ ആയുർവേദം നിർദ്ദേശിക്കുന്നുമുണ്ട്. ഇഞ്ചി, മഞ്ഞൾ, കുന്തിരിക്കം, അമുക്കുരം തുടങ്ങിയവയാണ് ആയുർവേദത്തിൽ പ്രധാനമായും എരിച്ചിൽ ചികിത്സക്കായി ഉപയോഗിക്കുന്ന ചേരുവകൾ.


5. ശരീരത്തിലെ വിഷാംശം പുറംതള്ളുന്നു

ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഒരേപോലെ ശുദ്ധീകരിക്കുന്ന ഒരു ചികിത്സാരീതിയാണ് ആയുർവേദം. ആയുർവേദം നിർദ്ദേശിക്കുന്ന പഞ്ചകർമ്മചികിത്സ പോലുള്ള ചികിത്സാരീതികളിലൂടെ ശരീരത്തിലെ വിഷാംശം പുറംതള്ളാനും ശരീര അവയവങ്ങളുടെ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിൽ എത്തിക്കാനും സഹായിക്കുന്നതാണ്. കർക്കിടക മാസങ്ങളിൽ എണ്ണ ഉപയോഗിച്ച് ശരീരത്തിൽ ഉഴിച്ചിൽ നടത്തുന്നത് ശരീരത്തിന് നവോന്മേഷം പകരുകയും ചെയ്യും.


6. രോഗസാധ്യത കുറയ്ക്കുന്നു

ആയുർവേദം നിർദ്ദേശിച്ചിട്ടുള്ള ആഹാരരീതികളും സൂര്യസ്നാനവും പ്രാണായാമവുമൊക്കെ നമ്മുടെ ശരീരത്തെ രോഗങ്ങൾ വരാതെ സംരക്ഷിക്കും. രോഗം വന്നതിനുശേഷം ചികിത്സിക്കുക എന്നതിനേക്കാൾ എത്രയോ ഭേദമാണ് രോഗം വരാതെ തടയുക എന്നത്. ഈ സമീപനമാണ് ആയുർവേദം പിന്തുടരുന്നത്


7. മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു

രോഗശമനത്തിനും അതോടൊപ്പം വ്യക്തിനിർമ്മാണത്തിലും ശ്രദ്ധ പുലർത്തുന്ന ചികിത്സാരീതിയാണ് ആയുർവേദം. രോഗത്തിന്റെ ഉറവിടം കണ്ടെത്തി രോഗത്തെ ശരീരത്തിൽ നിന്നും പൂർണ്ണമായി പിഴുതുമാറ്റുന്ന രീതിയാണ് ആയുർവേദത്തിന്റേത്. കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗം വീണ്ടും വരാതിരിക്കാനും ആയുർവേദം ശ്രദ്ധിക്കുന്നുണ്ട്.


8. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു

ആരോഗ്യവും നല്ല തിളക്കവുമുള്ള ചർമ്മം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആയുർവേദം നിങ്ങളെ അതിനുവേണ്ടി സഹായിക്കും. ചീര, വെള്ളരി തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്. ഒമേഗ-3 അടങ്ങിയ നട്സ്, സീഡ്‌സ് കഴിക്കുന്നതു വഴിയും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.


9. ഉറക്കക്കുറവ് പരിഹരിക്കുന്നു

ഉറക്കക്കുറവ് പരിഹരിക്കാനുള്ള ഒരുപാട് ചികിത്സകൾ ആയുർവേദം നിർദ്ദേശിക്കുന്നുണ്ട്. നിങ്ങൾ കിടക്കുന്നതിനു മുൻപ് മുല്ലപ്പൂവോ അല്ലെങ്കിൽ കുറച്ച് വെളിച്ചെണ്ണയോ തലയോട്ടിയിലും കാൽപ്പാദത്തിലും തിരുമ്മുക. അതിനുശേഷം ഒരു ഗ്ലാസ് ബദാം പാൽ കുടിക്കുക. സുഖകരമായ ഉറക്കം ലഭിക്കാൻ ഇത് നിങ്ങളെ തേടിയെത്തും.


10. കുടവയർ കുറയ്ക്കുന്നു

തെറ്റായ ഭക്ഷണരീതിയിലൂടെയും വ്യായാമക്കുറവിലൂടെയും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കുടവയർ. വലിച്ചുവാരി ഭക്ഷണം കഴിക്കുന്നതുവഴിയും ശോധനക്കുറവുമൊക്കെ കുടവയർ ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ആയുർവേദം നിർദ്ദേശിക്കുന്ന തരത്തിലുള്ള ഭക്ഷണരീതി ശീലമാക്കുന്നതിലൂടെയും ശോധനയ്ക്കുള്ള മരുന്നുകൾ കഴിക്കുന്നതിലൂടെയും കുടവയർ പ്രശ്നം നിങ്ങൾക്ക് പരിഹരിക്കാൻ സാധിക്കും. ഇഞ്ചി, ജീരകം, ഏലക്ക എന്നിവയുടെ ഉപയോഗം ശോധന സുഗമമാക്കാൻ സഹായിക്കുന്നതാണ്.


Post a Comment

Previous Post Next Post